About Me

My photo
The journey not the arrival matters.

Friday 18 February 2011

തോന്നലുകള്‍


ഇന്ന് രാജീവിന്‍റെ വിവാഹമാണ് . 

എന്‍റെ  ഒരേ ഒരു സുഹൃത്ത്‌ , വഴികാട്ടി അങ്ങനെ പല വിശേഷണങ്ങള്‍ കൊണ്ട് അലങ്കരിക്കാം എനിക്ക് മനസ്സിലുള്ള രാജീവിന്റെ ചിത്രത്തെ. 

നാല് വര്‍ഷങ്ങളായി ഞങ്ങള്‍ സുഹൃത്തുക്കളാണ് , ബസ് മേറ്റ്സും. ഞങ്ങള്‍ ഒരേ ബസ് സ്റ്റോപ്പില്‍ നിന്നാണ്  കോളേജിലേക്ക്  ബസ്സ് കയറുന്നത്. തൊട്ടടുത്തുള്ള കോളേജുകളില്‍ പഠിക്കുന്നു. ഞാന്‍ ആര്‍ട്സ് കോളേജിലും അവന്‍ എഞ്ചിനീയറിംഗ് കോളേജിലും. 

അവന് ജീവിതത്തെ കുറിച്ചും ഭാവിയെ കുറിച്ചും എന്നും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഓര്‍ഫനെജിലെ ഫാദര്‍ ദാനിയേലിന്റെ  സഹായം കൊണ്ട് മാത്രം ജീവിതത്തില്‍ മുന്നോട്ടു പോകുന്ന എനിക്ക് അവന്റെ കാഴ്ച്ചപ്പാടിനോടും അറിവിനോടും വലിയ ബഹുമാനവും തോന്നിയിട്ടുണ്ട്. 

നാല് വര്‍ഷമായി ആഴ്ചയില്‍ അഞ്ചു ദിവസവും രാവിലെ 
ബസ് സ്റ്റോപ്പില്‍ കിട്ടുന്ന പതിനഞ്ചു മിനുട്ടുകള്‍ എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. കോളേജില്‍ കൂട്ടുകാരില്ലാത്ത എന്നെ രാജീവിന്റെ അറിവ് പകരുന്ന സംസാരം കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. എനിയ്ക്ക് അധികം സംസാരിക്കേണ്ടി വരാറില്ല. അവന്‍ വാതോരാതെ വിശേഷങ്ങള്‍ പറയും - പത്ര വാര്‍ത്തകള്‍, നാട്ടു വിശേഷം, കോളേജിലെ തമാശകള്‍ എല്ലാം അതില്‍ പെടും. 

ബസ് സ്റ്റോപ്പില്‍ അവന്റെ സംസാരം കേട്ട്  നില്‍കുമ്പോള്‍ എപ്പോഴോ എന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചു തുടങ്ങി. ഞാന്‍ സുമുഖനല്ലെന്നു എനിക്കുറപ്പുള്ളത്കൊണ്ട് ആ കണ്ണുകളിലെ തിളക്കം എന്റെ മിഴികള്‍ക്ക് നേരെ അല്ല എന്ന് എനിക്കറിയാമായിരുന്നു. 

പക്ഷെ, എനിക്ക് തെറ്റി. ആദ്യമൊക്കെ നോട്ടങ്ങളില്‍ തിളങ്ങിയത് പതുക്കെ ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരിയായി വിരിയാന്‍ തുടങ്ങി. പിന്നീടു ആ പുഞ്ചിരി സ്വപ്നങ്ങളില്‍ വന്നു തുടങ്ങിയപ്പോള്‍ അവയ്ക്ക് മധുരവും കുളിര്‍മ്മയും കൂടിയത് പോലെ. 

അതിന്റെ ലഹരിയില്‍ ഞാന്‍ ഇങ്ങനെ ഒഴുകി ഒഴുകി ......

ഇന്ന് രാജീവിന്റെ വിവാഹമാണ്. താലി മാലയും, ബൊക്കെയും വാങ്ങാന്‍ എന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അടുത്തുള്ള രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ബന്ധുക്കളില്ലാത്ത ചെറിയൊരു ചടങ്ങ്. 

ഒരു ഇരുപത്തിരണ്ടുകാരന്‍ ബുദ്ധിമാനും....... ഒരു പത്തൊന്‍പതുകാരി സുന്ദരിയും ..........

അവന്റെ സ്വപ്നങ്ങള്‍ക്കും, ബുദ്ധിക്കും, എന്റെ നേര്‍ക്ക്‌ നീണ്ടു എന്ന് ഞാന്‍ കരുതിയ അവളുടെ കണ്ണുകള്‍ക്കും ദീര്‍ഘായുസ്സ്  ആണെന്ന്  എനിക്ക് തോന്നി. 

അതും എന്റെ തോന്നല്‍ മാത്രം ആയിരിക്കുമോ?

1 comment:

  1. പറയേണ്ട കാര്യം സമയത്ത് പറയാതിരിക്കുകയും അറിയേണ്ട കാര്യം യഥാസമയം അറിയാതിരിക്കുകയും ചെയ്താല്‍ ഇത് പോലെ സ്വന്തം കാര്യം മാറ്റിവച്ചു മറ്റുള്ളവര്‍ക്കായി മാലയും ബൊക്കെയും ഒക്കെ വാങ്ങാന്‍ നടക്കേണ്ട അവസ്ഥയിലാകും ..ബുദ്ധിമാനായ കൂട്ടുകാരന് 22 വയസല്ലേ ആയുള്ളൂ ..അപ്പോള്‍ മോഹഭംഗം വന്ന കൂട്ടുകാരനും ഏതാണ്ട് അത്രയൊക്കെയേ കാണൂ ,,സമയം വൈകിയിട്ടില്ല ..വരും ഒരുനാള്‍ ഒരാള്‍ അവനായ്‌....:)

    ReplyDelete