About Me

My photo
The journey not the arrival matters.

Friday 18 February 2011

തോന്നലുകള്‍


ഇന്ന് രാജീവിന്‍റെ വിവാഹമാണ് . 

എന്‍റെ  ഒരേ ഒരു സുഹൃത്ത്‌ , വഴികാട്ടി അങ്ങനെ പല വിശേഷണങ്ങള്‍ കൊണ്ട് അലങ്കരിക്കാം എനിക്ക് മനസ്സിലുള്ള രാജീവിന്റെ ചിത്രത്തെ. 

നാല് വര്‍ഷങ്ങളായി ഞങ്ങള്‍ സുഹൃത്തുക്കളാണ് , ബസ് മേറ്റ്സും. ഞങ്ങള്‍ ഒരേ ബസ് സ്റ്റോപ്പില്‍ നിന്നാണ്  കോളേജിലേക്ക്  ബസ്സ് കയറുന്നത്. തൊട്ടടുത്തുള്ള കോളേജുകളില്‍ പഠിക്കുന്നു. ഞാന്‍ ആര്‍ട്സ് കോളേജിലും അവന്‍ എഞ്ചിനീയറിംഗ് കോളേജിലും. 

അവന് ജീവിതത്തെ കുറിച്ചും ഭാവിയെ കുറിച്ചും എന്നും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഓര്‍ഫനെജിലെ ഫാദര്‍ ദാനിയേലിന്റെ  സഹായം കൊണ്ട് മാത്രം ജീവിതത്തില്‍ മുന്നോട്ടു പോകുന്ന എനിക്ക് അവന്റെ കാഴ്ച്ചപ്പാടിനോടും അറിവിനോടും വലിയ ബഹുമാനവും തോന്നിയിട്ടുണ്ട്. 

നാല് വര്‍ഷമായി ആഴ്ചയില്‍ അഞ്ചു ദിവസവും രാവിലെ 
ബസ് സ്റ്റോപ്പില്‍ കിട്ടുന്ന പതിനഞ്ചു മിനുട്ടുകള്‍ എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. കോളേജില്‍ കൂട്ടുകാരില്ലാത്ത എന്നെ രാജീവിന്റെ അറിവ് പകരുന്ന സംസാരം കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. എനിയ്ക്ക് അധികം സംസാരിക്കേണ്ടി വരാറില്ല. അവന്‍ വാതോരാതെ വിശേഷങ്ങള്‍ പറയും - പത്ര വാര്‍ത്തകള്‍, നാട്ടു വിശേഷം, കോളേജിലെ തമാശകള്‍ എല്ലാം അതില്‍ പെടും. 

ബസ് സ്റ്റോപ്പില്‍ അവന്റെ സംസാരം കേട്ട്  നില്‍കുമ്പോള്‍ എപ്പോഴോ എന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചു തുടങ്ങി. ഞാന്‍ സുമുഖനല്ലെന്നു എനിക്കുറപ്പുള്ളത്കൊണ്ട് ആ കണ്ണുകളിലെ തിളക്കം എന്റെ മിഴികള്‍ക്ക് നേരെ അല്ല എന്ന് എനിക്കറിയാമായിരുന്നു. 

പക്ഷെ, എനിക്ക് തെറ്റി. ആദ്യമൊക്കെ നോട്ടങ്ങളില്‍ തിളങ്ങിയത് പതുക്കെ ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരിയായി വിരിയാന്‍ തുടങ്ങി. പിന്നീടു ആ പുഞ്ചിരി സ്വപ്നങ്ങളില്‍ വന്നു തുടങ്ങിയപ്പോള്‍ അവയ്ക്ക് മധുരവും കുളിര്‍മ്മയും കൂടിയത് പോലെ. 

അതിന്റെ ലഹരിയില്‍ ഞാന്‍ ഇങ്ങനെ ഒഴുകി ഒഴുകി ......

ഇന്ന് രാജീവിന്റെ വിവാഹമാണ്. താലി മാലയും, ബൊക്കെയും വാങ്ങാന്‍ എന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അടുത്തുള്ള രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ബന്ധുക്കളില്ലാത്ത ചെറിയൊരു ചടങ്ങ്. 

ഒരു ഇരുപത്തിരണ്ടുകാരന്‍ ബുദ്ധിമാനും....... ഒരു പത്തൊന്‍പതുകാരി സുന്ദരിയും ..........

അവന്റെ സ്വപ്നങ്ങള്‍ക്കും, ബുദ്ധിക്കും, എന്റെ നേര്‍ക്ക്‌ നീണ്ടു എന്ന് ഞാന്‍ കരുതിയ അവളുടെ കണ്ണുകള്‍ക്കും ദീര്‍ഘായുസ്സ്  ആണെന്ന്  എനിക്ക് തോന്നി. 

അതും എന്റെ തോന്നല്‍ മാത്രം ആയിരിക്കുമോ?

Wednesday 9 February 2011

കണക്കെടുപ്പ്

ഓര്‍മ്മ വച്ച നാള്‍ മുതല്‍ അവള്‍ അവിടെ ആയിരുന്നു.
കടലിനോടൊട്ടിക്കിടക്കുന്ന മണല്‍ നിറത്തില്‍ ചായമടിച്ച ഉയരമുള്ള കെട്ടിടങ്ങളും 
പൊടിക്കാറ്റുമുള്ള  വലിയ നഗരം. 
റോഡിന്റെ അടുത്തുള്ള നടപ്പാതക്ക് തൊട്ടുള്ള വലിയ കെട്ടിടം. അതിന്റെ നാലാം നിലയില്‍ ഇടതും വലതുമായി രണ്ടു ഫ്ലാറ്റുകള്‍.

ഇടത്തെ അറ്റത്തുള്ള ഫ്ലാറ്റില്‍ ഉമ്മറവാതിലിന്റെ  ഇടതു ഭാഗത്തുള്ള ആദ്യത്തെ മുറിയില്‍ അവള്‍ കട്ടിയുള്ള പുതപ്പു പുതച്ചു നല്ല ഉറക്കത്തിലായിരുന്നു.

ഉറക്കത്തില്‍ പോലും ആ മണല്‍ മണമുള്ള, മനം മടുപ്പിക്കുന്ന നിറം മനസ്സില്‍ മിന്നിമായുന്നത് പോലെ.


"അന്യ നാട്ടുകാരായി ഈ മണ്ണില്‍ എത്തിയിട്ട് നാളേക്ക് പതിനെട്ടു വര്‍ഷം തികയുന്നു." ഇന്നലെ അമ്മ പറഞ്ഞത് ഓര്‍ത്തുകൊണ്ടാണ്  അവള്‍ ഉണര്‍ന്നത്. 


അപ്പോള്‍ അതാ കുടുസസ്  മുറിയുടെ അങ്ങേ തലക്കല്‍ അമ്മയും അച്ഛനും ഓരോ ചായ ഗ്ലാസും പിടിച്ചു ആലോചനയിലാണ്. 


ഈ ദിവസം അച്ഛനും അമ്മയും മറ്റു വിശേഷ ദിവസങ്ങളെപ്പോലെ മധുര പലഹാരങ്ങള്‍ ഉണ്ടാക്കി ആഘോഷിക്കാറില്ല.  


ഈ ദിവസം വിലയിരുത്തലിന്റെ ദിവസമാണ്. 
ഇത്രയും കാലം അന്യനാട്ടില്‍ വന്നു കഷ്ട്ടപ്പെട്ടിട്ടു എന്ത് നേടി? 


ആദ്യത്തെ വിലയിരുത്തല്‍ , 
സകുടുംബം ഇപ്പോഴും ജീവനോടെ ഇരിക്കുന്നു 
പിന്നെ ......
മൂന്നു നേരം ആഹാരം കഴിക്കുന്നുണ്ട് ;
നാട്ടിലേക്ക് പൈസ അയക്കാന്‍ പറ്റുന്നുണ്ട് 
പിന്നെ ...... കടങ്ങളും കടമകളും ഓരോന്നോരോന്നായി 
തീര്‍ത്തതിന്റെയും   തീര്‍ക്കുന്നതിന്റെയും  തീര്‍ക്കാനുള്ളതിന്റെയും കണക്ക്.
അവസാനം ഒരു ദീര്‍ഘശ്വാസം.... 
ഇനിയും ഒരുപാട് ചെയ്തു തീര്‍ക്കാനുണ്ട് .......

പിന്നെ ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന അവളെ നോക്കി അച്ഛന്‍ ഒരു ചിരി ചിരിച്ചു.... 
ആ ചിരിക്കു ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്ന് അവള്‍ക്കു  തോന്നി ........
അന്നത്തെക്കായി മാറ്റിവെച്ച കണ്ണുനീര്‍ തുള്ളികള്‍ കവിളില്‍ നിന്ന് ഒഴുകി വീഴാനുള്ള സമയം നല്‍കാതെ, കൈകള്‍കൊണ്ട് ദിശമാറ്റി വിടുമ്പോള്‍ അമ്മ ചിന്തിച്ചത് അന്ന് പാകം ചെയ്യാനുള്ള ഭക്ഷണത്തെകുറിച്ചായിരിക്കാം.

Monday 7 February 2011

യാത്ര.......

പോകാന്‍ ഒരുങ്ങുകയാണ് ഞാന്‍


വീണ്ടും ഒരു യാത്ര


ഈ പ്രയാണത്തില്‍ എന്റെ കൂടെ നന്മ നിറഞ്ഞ മനസ്സുകളുണ്ട്‌,


അവയിലെ പ്രാര്‍ത്ഥനകളുണ്ട്


പിരിവിന്റെ വേദനയുണ്ട്, അറിവിന്റെ നിറവുണ്ട്


സുര്യ രശ്മികള്‍ തിളങ്ങുന്ന കണ്ണുകളുണ്ട്


സൂര്യനെപ്പോലെ ജ്വലിക്കുന്ന ഊര്ജ്ജസ്വലതയുണ്ട്

മണമുണ്ട് നിറമുണ്ട്


സ്വപ്നങ്ങള്‍ക്ക് പണ്ടത്തെക്കാള്‍ തിളക്കവും .